ഗെർഡ്: ലക്ഷണങ്ങളുംപ്രതിരോധവും: Gastroesophageal Reflux Disease

 ഗെർഡ്: ലക്ഷണങ്ങളുംപ്രതിരോധവും: Gastroesophageal Reflux Disease

ഗെർഡ്: ലക്ഷണങ്ങളും പ്രതിരോധവും: Gastroesophageal Reflux Disease

Gastroesophageal Reflux Disease (GERD) Symptoms and Treatment: ഭക്ഷണം കഴിച്ചതിനു ശേഷം ഇടയ്ക്ക് നെഞ്ചുവദന അനുഭവപ്പെടാറുണ്ടോ? ഇത് സ്ഥിരമാകുമ്പോൾ ഹൃദയാഘാതമാകാം എന്ന് എപ്പോഴെങ്കിലും നിങ്ങളും ഭയപ്പെട്ടിട്ടുണ്ടാകും. നെഞ്ചുവേദന പലപ്പോഴും ഹൃദയസംബന്ധമായ രോഗാവസ്ഥ കൊണ്ടാകണമെന്നില്ല. നെഞ്ചിനുള്ളിൽ തന്നെ സ്ഥിതി ചെയ്യുന്ന അന്നനാളത്തിന് ഇതുമായി ബന്ധമുണ്ടായേക്കും

ഗ്യാസ്ട്രോ ഈസോഫാജിയൽ റിഫ്ലക്സ് ഡിസീസ് (Gastroesophageal Reflux Disease) അഥവ ഗെർഡ് ഇതിൽ പ്രധാനിയാണ്. അസിഡിറ്റി എന്ന് കേൾക്കാത്തവരുണ്ടാകില്ല. ദഹനം സുഗമമായി നടക്കുന്നതിന് ആമാശയത്തിൽ ആസിഡ് (Hydrochloric Acid) ഉത്പാദിപ്പിക്കപ്പെടുന്നുണ്ട്. ഭക്ഷണ ശേഷം ഉറങ്ങാൻ കിടക്കുമ്പോൾ ഇത് അന്നനാളത്തിലേക്ക് പ്രവേശിക്കുന്നു. അത് അന്നനാളത്തിൽ വ്രണങ്ങൾ ഉണ്ടാക്കുകയും പകൽ സമയം മുഴുവൻ നെഞ്ചെരിച്ചിൽ, തൊണ്ട ചൊറിച്ചിൽ, തൊണ്ടയിൽ എന്തോ ഇരിക്കുന്നു എന്ന തോന്നൽ, മുതലായ ബുദ്ധിമുട്ടുകളിലേക്ക് നയിക്കുന്നു. അടിക്കടി ഉണ്ടാകുന്ന നെഞ്ചുവേദന, പുളിച്ചു തികട്ടൽ തുടങ്ങിയവും ഇതിൻ്റെ സാധാരണ ലക്ഷണങ്ങളാണ്

അന്നനാളത്തിൽ നിന്ന് തൊണ്ടയിലേക്ക് പ്രവേശിക്കുന്ന ആസിഡ് ശബ്ദപേടകത്തിലേക്കും കടന്നേക്കും. ഇതിലൂടെ ശബ്ദത്തിന് വ്യതിയാനങ്ങൾ സംഭവിക്കുന്നു. കൂടാതെ ചെവി സംബന്ധമായ രോഗങ്ങളും ഉണ്ടാകാം. അതിനാൽ ചില രോഗികൾ ഇഎൻടി ഡോക്ടറുടെ അടുത്തേക്കാവും ചെന്നെത്തിപ്പെടുക.

ഗെർഡ് ഉണ്ടാകാനുള്ള കാരണം എന്താണ്?

ഭക്ഷണം കടന്നു പോകുന്ന അന്നനാളത്തിൻ്റെ അവസാന ഭാഗത്തുള്ള പേശികളിൽ ഉണ്ടാകുന്ന ബലക്ഷയമാണ് ഒരു കാരണം. ഇതുമൂലം ആമാശയത്തിൻ്റെ ഭാഗങ്ങൾ നെഞ്ചിലേക്ക് പ്രവേശിക്കുന്നതിന് ഹയാറ്റസ് ഹെർണിയ (HIATUS HERNIA) എന്ന് പറയുന്നു. അമിതവണ്ണം, ക്രമം തെറ്റിയ ജീവിതശൈലി, പുകവലി, മദ്യപാനം, കൊഴുപ്പമിതമായ ആഹാര രീതി, വളരെ വൈകി അത്താഴം കഴിക്കുന്ന രീതി എന്നിവ രോഗത്തിൻ്റെ കാഠിന്യത്തെ വർധിപ്പിക്കുന്നു

ലക്ഷണങ്ങൾ എന്തൊക്കെയാണ്

ആസിഡ് നിരന്തരമായി അന്നനാളത്തിലേക്ക് പ്രവേശിക്കുന്നു. ഇതുമൂലം അവിടെ വ്രണങ്ങൾ, രക്തസ്രാവം എന്നിവ ഉണ്ടാകാം. കൂടാതെ അന്നനാളം ചുരുങ്ങി പോകുന്നതിലേക്കും നയിച്ചേക്കും. അന്നനാളത്തിലെ ശ്ലേഷ്മ സ്ഥരത്തിന് വ്യതിയാനങ്ങൾ വരുത്തി വർഷങ്ങൾക്കു ശേഷം കാൻസറിലേക്ക് പോകുന്ന ഒരു അവസ്ഥയും ഉണ്ടാകാം. ഇത് ബാരറ്റ്സ് മെറ്റാപ്ലാസിയ (BARRETT’S METAPLASIA)എന്ന് അറിയപ്പെടുന്നു.

ഗെർഡ് എങ്ങനെ പ്രതിരോധിക്കാം?

  • രാത്രി ഭക്ഷണം വൈകി കഴിക്കുന്ന ശീലം ഒഴിവാക്കുക. ഏഴു മണിയോടെ ഒരു ദിവസത്തെ അവസാന ഭക്ഷണം നിർബന്ധമായും കഴിക്കുക. 
  • ഉറങ്ങാൻ കിടക്കുമ്പോൾ തലഭാഗം ഉയർന്നിരിക്കാൻ ശ്രദ്ധിക്കുക.
  • പുകവലി, മദ്യപാനം, അമിതമായി കൊഴുപ്പ് അടങ്ങിയ ആഹാരം എന്നിവ ഒഴിവാക്കി ജീവിത ശൈലിയിൽ മാറ്റങ്ങൾ കൊണ്ട് വരേണ്ടത് അനിവാര്യം.

ചികിത്സാരീതികൾ എന്തെല്ലാം?

ആസിഡിൻ്റെ അളവ് കുറയ്ക്കുന്ന ഗുളിക രൂപത്തിലുള്ള മരുന്നാണ് പൊതുവേ ആരോഗ്യ വിദഗ്ധർ നിർദ്ദേശിക്കാറുള്ളത്. അന്നനാളത്തിൽ അൾസർ ഉണ്ടെങ്കിൽ അത് ഉണങ്ങാനുള്ള മരുന്നുകളും ആവശ്യമായി വന്നേക്കാം. അന്നനാളത്തിൻ്റെ അവസാന ഭാഗത്തെ ബലഹീനതയും, വ്രണങ്ങളും, കാൻസർ സാധ്യതകളും കണ്ടെത്തുന്നതിനായി എൻഡോസ്കോപ്പി പരിശോധനയും നടത്താറുണ്ട്. ചില അപൂർവ സാഹചര്യങ്ങളിൽ അന്നനാളത്തിൻ്റെ അവസാന ഭാഗത്തെ പേശികൾ ബലപ്പെടുത്തുന്നതിനായി സർജിക്കൽ ചികിത്സയും വേണ്ടി വന്നേക്കാം. മിക്ക ആളുകളിലും ജീവിതശൈലിയിൽ മാറ്റങ്ങൾ കൊണ്ടുവരുന്നതും മരുന്നും ഈ രോഗം നിയന്ത്രണവിധേയമാക്കാൻ സഹായിക്കാറുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *